title
title

കേരളമെന്ന സംസ്ഥാനം  രൂപപ്പെടുന്നതിന് മുന്നേ ഈ ഭൂപ്രദേശം ചരിത്രത്തിൽ മനുഷ്യരുടെ സൗഹാർദ സംസ്‌കൃതിയുടെ ഈറ്റില്ലമായി അറിയപ്പെട്ടിട്ടുണ്ട്. മനുഷ്യ ചരിത്രത്തിന്റെ ആദ്യ പിതാവ് ആദം ശ്രീലങ്കയിലെ ആദം മലയിൽ നിന്ന് കേരളം വഴി മെഡിറ്ററേനിയൻ തീരത്തേക്ക് പുറപ്പെട്ടു ഹിജാസിലെ മക്കയിലെ അറഫാ മൈതാനത്തു വച്ചു പ്രിയതമയായ ഹവ്വ അഥവാ ഈവിനെ കണ്ടുമുട്ടി എന്നതാണ് വാമൊഴി ചരിത്രം. അഥവാ ആദിമ മനുഷ്യൻ തന്നെ കേരളത്തിലൂടെ സഞ്ചരിച്ചു. അറബിക്കടലിന്റെ വാതായനം വഴി ലോകത്തിലേക്ക് ഇന്ത്യയെന്ന മഹാത്ഭുതത്തെയും സംസ്കൃതിയെയും കടൽ കടത്തുകയും സംസ്കാരങ്ങളുടെ വിനിമയ ഭൂമികയായി നിലകൊള്ളുകയും ചെയ്തു, കേരളം. 

ക്രൈസ്തവർ ദൈവപുത്രനായി കരുതുന്ന ഈസാ പ്രവാചകന്റെ കാലത്തിനു തൊട്ടടുത്ത് തന്നെ AD 52 ഇൽ ഈസ(അ)യുടെ ശിഷ്യർ തോമാശ്ലീഹായുടെ നേതൃത്വത്തിൽ കേരളത്തിലെത്തിച്ചേർന്നു എന്നാണ് ചരിത്രം. അതായത് ബൈബിൾ എഴുതപ്പെടും മുൻപ് ബൈബിൾ ഇല്ലാത്ത ഒരു ക്രിസ്തു മതം കേരളത്തിൽ പ്രചരിച്ചു എന്നാണ് ചരിത്രം നമ്മോട് പറയുന്നത്. അഥവാ ക്രൈസ്തവ മതം ഒരു മതമായും പിന്നീട് സഭയുമൊക്കെയായി റോമൻ സ്വാധീനത്താൽ ഇൻസ്റ്റിറ്റ്യൂഷണലൈസ് ചെയ്യപ്പെടും മുൻപ് അതിന്റെ സംസ്കൃതിയെ ഇരു കയ്യും നീട്ടി സ്വീകരിച്ചവരാണ് മലയാളികൾ. 

മുഹമ്മദ് നബിയുടെ കാലത്തു തന്നെ ചേരമാൻ രാജാവ് ഇസ്ലാമിനെ പറ്റി അറിയുകയും മക്കയിലേക്ക് യാത്ര ചെയ്തു ഇസ്ലാം സ്വീകരിക്കുകയും ചെയ്തു എന്നും തിരികെ യാത്രയിൽ ഒമാനിലെ സലാലയിൽ വച്ച് മരണപ്പെടുകയും അവിടെ തന്നെ ഖബറടക്കുകയും ചെയ്തുവെന്ന് വിശ്വസിക്കപ്പെടുന്നു. പിന്നീട് തിരുനബിയുടെ അനുചരന്മാർ ധാരാളമായി കേരളത്തിലേക്ക് വരികയും ചെയ്തു എന്ന് കാണാം. കേരളം ലോകത്തിലേക്കുള്ള ഏറ്റവും വലിയ ട്രാൻസിറ്റ് ഹബ് ആയിരുന്നു ചരിത്രത്തിൽ. കുരുമുളക് ഏലാം ഗ്രാമ്പൂ, മഞ്ഞൾ, ചായ കാപ്പി എന്നിവ മാത്രമല്ല, ചൈനീസ് സിൽക് വലകൾ, പാത്രങ്ങൾ, ആഭരണങ്ങൾ, ഉപകരണങ്ങൾ എന്നിവയുടെ ആഫ്രിക്ക മധേഷ്യൻ രാജ്യങ്ങളിലേക്കുള്ള വിപണനത്തിന്റെയും പ്രധാന വാണിജ്യ കേന്ദ്രമായിരുന്നു.

ഇങ്ങനെ ബഹുസ്വരതയുടേതായ ഒരു പ്രതലം കേരളം എന്ന സംസ്ഥാനം രൂപപ്പെടുത്തിയിരുന്നു എന്നതാണ് ശരി. 

കേരളത്തിൻറെ തനതു ഭക്ഷണം എന്ന് ഇപ്പോൾ നാം കരുതുന്ന കപ്പ പുഴുക്ക് മരച്ചീനി കൊണ്ടുണ്ടാക്കുന്നതാണ് എന്ന് നമുക്കറിയാമല്ലോ എന്നാൽ ഈ മരച്ചീനി നമുക്ക് കിട്ടിയത് പോർച്ചുഗീസിൽ നിന്നാണ്. നമ്മുടെ തനതു ഭക്ഷണം രൂപപ്പെട്ടത് യൂറോപ്പിലെ ഒരു ഗ്രാമത്തിലെ കൃഷിയിടത്തിൽ നിന്നാണ് എന്നർത്ഥം! നാം കപ്പയുടെ കൂടെ കഴിക്കുന്ന മീൻ പിടിക്കുന്നത് നമ്മുടെ ടൂറിസത്തിന്റെ അടയാളമായി നാം ഇന്ന് ലോകത്ത് പ്രദർശിപ്പിക്കുന്ന ചീനി വല അഥവാ അതൊരു ചൈന വലകൊണ്ടു കൂടിയാണ്. വലിയ വിദേശ നാണ്യം നേടിത്തരുന്ന നമ്മുടെ കശുവണ്ടി പറങ്കിമാങ്ങയുടെ വിത്താണ്. അതായത് പറങ്കികൾ കൊണ്ടുവന്ന ഒരു മാങ്ങ! പറങ്കികൾ എന്നാൽ വീണ്ടും പോർച്ചുഗീസുകാർ.  നമ്മുടെ പൈനാപ്പിളും നമ്മുടെ കാപ്പിയും എല്ലാം തന്നെ വിദേശികളാണ്.  വിദേശത്തുനിന്ന് നമുക്ക് കിട്ടിയ സംസ്കാരവും സംസ്കാരത്തിൻറെ വിത്തുകളുമാണ് ഇവിടുത്തെ മനുഷ്യരെ സൃഷ്ടിച്ചത്. അങ്ങനെയൊരു മാനവിക സംസ്കാരത്തിന്റെ പുറത്താണ് നാം നമ്മുടെ തലമുറകളെ വാർത്തെടുത്തത്. നവോത്ഥാനം എന്നത് കേരളത്തിൽ ഏതാനും രാപ്പകലുകളിൽ സംഭവിച്ചതല്ല. 

മാനുഷരെല്ലാരും ഒന്ന് പോലെ കണ്ട രാജാക്കന്മാർ

ഓണപ്പാട്ടിലെ മാനുഷരെല്ലാരുമൊന്നു പോലെ ജീവിക്കുന്നതിലും അവർക്കിടയിൽ സ്നേഹത്തിന്റെയും വിശ്വാസത്തിന്റേതുമായൊരു അന്തരീക്ഷം സൃഷ്ടിക്കുന്നതിലും  ജാഗ്രത പുലർത്തിയിരുന്നു അന്നത്തെ ഭരണാധികാരികൾ.

മലബാറിൽ സമൂതിരിയും തെക്ക് ശക്തൻ തമ്പുരാനും തിരുവിതാംകൂറിൽ രാജവംശവും ഈ മതേതര കാഴ്ചപ്പാടിന് പരിപോഷിപ്പിക്കുന്നതിൽ നല്ല പങ്കുവഹിച്ചിട്ടുണ്ട്. 

കൊടുങ്ങല്ലൂർ എന്ന മുസ് രിസ്‌ പ്രദേശം,  കോഴിക്കോട് കാപ്പാടും ഒക്കെ അടങ്ങിയ മലബാറിന്റെ നാവിക തുറമുഖങ്ങളും അവയിലൂടെ രാജാക്കന്മാരും സുൽത്താന്മാരും പങ്കാളികളായ വാണിജ്യ ഉടമ്പടികളും സാംസ്കാരിക ബൗദ്ധിക വിനിമയങ്ങൾക്ക് പാതയൊരുക്കി. ആഫ്രിക്കയും മധ്യപൂർവേഷ്യയും തമ്മിലുള്ള സംസ്കാരിക വിനിമയങ്ങൾ വ്യത്യസ്ത മത ആത്മീയതയുടെ ഇടകലരുകൾക്ക് നിമിത്തമായി. 

നമുക്കറിയാം സാമൂതിരിയുടെ പടനായകർ കുഞ്ഞാലിമരക്കാർ സമൂഹത്തെ പറ്റി.  നായർ പടക്കും ഹിന്ദു സമൂഹത്തിനും കടൽ കടക്കാൻ വിലക്കുണ്ടായിരുന്നതിനാൽ കടലിലെ നാവികസേനയിൽ മുസ്‌ലിംകളെ ധാരാളം പ്രോത്സാഹിപ്പിച്ചു. കടലിലെ  സാമൂതിരിയുടെ ധ്വജ വാഹകരായിരുന്നു കുഞ്ഞാലിമരക്കാർ.  പടയാളികളെ ലഭിക്കാൻ തീരദേശത്തുള്ള മുക്കുവരെ മതം മാറ്റത്തിന് സാമൂതിരി പ്രേരിപ്പിച്ചിരുന്നതായി നമുക്ക് കാണാം. പോർച്ചുഗീസുകാരുടെ രക്തം കൊണ്ട് അറബിക്കടൽ ചുവന്നത് മാപ്പിള കുഞ്ഞാലിയുടെ പോരാട്ടവീര്യം കൊണ്ടായിരുന്നു. 

ഇങ്ങനെ കേരളം സൃഷ്ടിച്ചെടുത്ത സംസ്കാരത്തെ പിന്നീട് നമ്മുടെ തലമുറ ഗ്രാമങ്ങളിലൂടെ ഗ്രാമങ്ങളിലൂടെ  അവയുടെ ഉത്സവങ്ങളിലൂടെ/ നേർച്ചകളിലൂടെ/ തെയ്യങ്ങളിലൂടെ നാം വളർത്തി എടുത്തു.

ശബരിമലയിൽ പോകുന്ന ഭക്തനായ സ്വാമിക്ക് വാവര് സ്വാമി എന്ന് പറയപ്പെടുന്ന ശ്രീ അയ്യപ്പന്റെ സുഹൃതായ ഒരു മുസ്ലിം സൂഫിയുടെ  എരുമേലി പള്ളിയിലൂടെ വേണം തീർത്ഥയാത്ര പൂർത്തിയാകാൻ എന്നിടത്തോളം നമ്മുടെ സൗഹാർദ ഭൂമിക വളർന്നുവന്നു. 

ആത്മീയ നേതൃത്വങ്ങൾ മതാതീതമായ സൗഹൃദം വളർത്തി

ഇവിടെ ഒരു പ്രധാനപ്പെട്ട കാര്യം മനസ്സിലാക്കേണ്ടതുണ്ട് മതത്തിൻറെ ആത്മീയതയും അതിൻറെ അന്തരശക്തിയെയും ഉൾക്കൊണ്ട വലിയൊരു വിഭാഗം നേതാക്കളും അത്തരം മനുഷ്യരും ജനതയും ആണ് സൗഹാർദത്തെയും മനുഷ്യരുടെ സ്നേഹത്തെയും മാനവികതയും മുന്നോട്ടു വച്ചത് എന്നുള്ളത് നാം മറന്നുകൂടാ. സൈനുദ്ദീൻ മഖ്ദൂം വളരെ പ്രധാനപ്പെട്ട ഒരു ആത്മീയ ഗുരുവായിരുന്നു എന്ന് നമുക്കറിയാം.

ആത്മീയ സരണികൾക്കും ആത്മീയമായ ശിക്ഷണങ്ങൾക്കും ത്വരീഖത്തിന്റെ ഗുരുവും ആയിരുന്നു അദ്ദേഹം. സൂഫി മാർഗത്തിന്റെ ഏറ്റവും ഉന്നതമായ സ്ഥാനത്താണ് സൈനുദ്ദീൻ മഖ്ദൂമിന്റെ സ്ഥാനം അദ്ദേഹം രചിച്ച ഫത്ഹുൽ മുഈൻ എന്ന ഇസ്ലാമിക കർമശാസ്ത്ര ഗ്രന്ഥം 38 ലോക ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെടുകയും ഒരുപാട് ആഖ്യാനങ്ങൾ അറബി ലോകത്ത് രചിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. അദ്ദേഹമാണ് സാമൂതിരിയുടെ ഒപ്പം നിന്ന് കൊണ്ട്  സാമ്രാജ്യത്തെ വിരുദ്ധ പോരാട്ടം നടത്തേണ്ടുന്നതിന്റെ പ്രാധാന്യം എഴുതിയത്. കേരളത്തിൻറെ ആദ്യത്തെ ചരിത്രഗ്രന്ഥമായ തുഹ്ഫത്തുൽ മുജാഹിദീൻ സൈനുദ്ദീൻ മഖ്ദൂം എഴുതിയത് പോർച്ചുഗീസുകാർക്കെതിരെ സാമൂതിരിയെ പ്രോത്സാഹിപ്പിച്ചു കൊണ്ടാണ്.  സൈനുദ്ദീന്‍ മഖ്ദൂം രണ്ടാമന്‍ നേരിട്ടു തന്നെ ഈ പോരാട്ടത്തിന് ശക്തി പകരാന്‍ രംഗത്തിറങ്ങിയിരുന്നു. സാമൂതിരിക്കു വേണ്ടി സൈനിക സഹായങ്ങള്‍ അഭ്യര്‍ഥിച്ച്  ഇന്ത്യക്കകത്തും പുറത്തുമുള്ള മുസ്‌ലിം സുല്‍ത്താന്മാര്‍ക്ക് അറബിയില്‍ കത്ത് തയാറാക്കിയിരുന്നത് സൈനുദ്ദീന്‍ മഖ്ദൂമായിരുന്നു. 

വൈദേശിക ശക്തികൾക്കെതിരെ മതാതീതമായ ഒരു കൂട്ടായ്മ സ്വാതന്ത്ര്യ സമരകാലങ്ങൾക്കു മുമ്പ് തന്നെ മലബാറിൽ രൂപപ്പെട്ടിരുന്നു എന്നർത്ഥം പോർച്ചുകാർക്കെതിരെ ജിഹാദ് നയിക്കാൻ മറ്റൊരു പ്രധാന സമര കാവ്യം ഫത്ഹുൽ മുബീൻ രചിച്ചത് മുഹിയുദ്ദീൻ മാല എന്ന സൂഫീ കാവ്യത്തിന്റെ രചയിതാവ് ഖാളി മുഹമ്മദ് ആയിരുന്നു എന്ന് അറിയുമ്പോൾ ആണ് സൂഫി നേതൃത്വം എത്രത്തോളം സമരാത്മക വീക്ഷണം ഉള്ളവരും അതോടൊപ്പം മതാതീത സൗഹാർദത്തെ കാത്തു സൂക്ഷിച്ചവരും ആണെന്ന് മനസ്സിലാവുക.  അവിടന്ന് ഇങ്ങോട്ട് ഖിലാഫത്ത് കാലത്ത്  കോഴിപ്പുറത്ത് മാധവമേനോനും അബ്ദുറഹ്മാൻ സാഹിബും ഒരുമിച്ചു ഖിലാഫത്ത് സമരത്തിൽ പങ്കാളികളായി. മമ്പുറം തങ്ങളും കോന്തുനായരും മോഴിക്കുന്നത്ത് ബ്രഹ്മദത്തൻ നമ്പൂതിരിപ്പാടും വാരിയൻ കുന്നത്ത്  കുഞ്ഞഹമ്മദ് ഹാജിയും എംപി നാരായണമേനോനും ആലി മുസ്ലിയാരും  എല്ലാം 21 ലെ സ്വാതന്ത്ര്യ സമരങ്ങൾക്ക് നേതൃത്വം നൽകി. വലിയ സ്വാതന്ത്ര്യ പോരാട്ടങ്ങൾ. അതിൽ  മതങ്ങൾ പുലർത്തുന്ന നിഷ്ഠകൾ പാലിച്ചു കൊണ്ട് തന്നെ മതാതീതമായ സൗഹാർദത്തിലൂടെ സമൂഹത്തെ സമരത്തിലേക്ക് സാമ്രാജ്യവിരുദ്ധ പോരാട്ടത്തിലേക്ക് നയിക്കാൻ മതനേതൃത്വങ്ങൾക്ക് കഴിഞ്ഞു.

സ്നേഹ കേരളം:സമരങ്ങൾ, നവോത്ഥാനങ്ങൾ

ഗാന്ധിയുടെ നേതൃത്വത്തിലുള്ള ഖിലാഫത്ത് പ്രസ്ഥാനവും ഇടതുപക്ഷ നേതൃത്വത്തിലുള്ള ജന്മികുടിയാൻ സമരങ്ങളും മനുഷ്യരുടെ അടിസ്ഥാന അവകാശങ്ങളുടെയും സ്വാതന്ത്ര്യചോദനകളുടെയും പ്രമേയത്തിനു മുൻപിൽ മതങ്ങൾ തമ്മിലുള്ള വൈജാത്യങ്ങൾ തടസ്സമായില്ല. പന്തിഭോജനങ്ങൾ വഴിയും തെരുവുകളെ ജാതികളിൽ നിന്നും മോചിപ്പിക്കുന്ന നവോത്ഥാന സമരങ്ങൾ വഴിയും അയ്യങ്കാളിയും നാരായണഗുരുവും സഹോദരൻ അയ്യപ്പനും ജാതികൾക്ക് അതീതമായ മാനവിക സൗഹാർദ്ദത്തെ ഊട്ടിയുറപ്പിച്ചു.

മലപ്പുറത്ത് മോങ്ങത്തങ്ങാടിയിൽ ഹിച് കോക്കിന്റെ പ്രതിമക്കെതിരെ സമരം നയിച്ചു കൊണ്ട്  കമ്പളത്ത് ഗോവിന്ദൻ നായർ എഴുതിയ വിപ്ലവ ഗാനത്തിലെ വരികൾ സ്മരിക്കാം.

"മഞ്ചേരി നിന്നഞ്ചാറ് മൈല് ദൂരവേ മോങ്ങത്തില്
സഞ്ചരിക്കുന്നോർക്ക് കാണാറാകുമാ നിരത്തില്
ചത്തുപോയ ഹിച്ചു കോക്ക് സായിപ്പിന്റെ സ്മാരകം 
ചാത്തനെ കുടിവെച്ചപോലെ 
ആ ബലാലിൻ സ്മാരകം
നമ്മളുടെ നെഞ്ചിലാണാ നമ്മളുടെ കൂട്ടരെയാണാ സുവറു കൊന്നത്
നമ്മളുടെ നെഞ്ചിലാണാ കല്ല് നാട്ടി വെച്ചത്!"

ഇങ്ങനെ നമ്മൾ എന്ന് ചിന്തിക്കുന്ന ഒരു വിപ്ലവം ആണ് നമ്മൾ കേരളീയർ നടത്തിയത്!
നാം അകന്നു പോയോ, എന്ത് കൊണ്ട്?
നാം നേടിയെടുത്ത/ ചരിത്രം കൊണ്ട് നാം അടയാളപ്പെടുത്തിയ ഇത്തരം പുരോഗമന ചിന്തകളെ നിരന്തരം പുറകോട്ടു വലിക്കുന്ന ജാതീയതയും മതബോധങ്ങളും ഉത്തരദേശങ്ങളിൽ നിന്നും നമുക്കിടയിലേക്ക് കടന്നുവരുന്നുകൊണ്ടിരുന്നു. മനുഷ്യരെ വിഭജിച്ച് അധികാരം ഉറപ്പിക്കാം എന്ന് ദുഷ്ടലാക്ക് നമ്മുടെ ഇടയിലും വിഷവിത്തുകൾ പാകിക്കൊണ്ടിരുന്നു. അടുത്തകാലം വരെ അതിനെയെല്ലാം പ്രതിരോധിച്ചു നിൽക്കാൻ നമുക്ക് ഒരു സമൂഹമെന്ന നിലയിൽ കഴിഞ്ഞിരുന്നു.

*മതങ്ങൾ  അധികാരത്തിന് *

മതത്തെ അധികാരത്തിനും രാഷ്ട്രീയ നേട്ടങ്ങൾക്കും വേണ്ടി ദുരുപയോഗം ചെയ്യുന്ന വർഗീയശക്തികൾ വളർന്നു വരികയും അവർക്ക് സാമൂഹിക മണ്ഡലത്തിൽ  അനല്പമായ പരിഗണനയും വാത്സല്യവും ഔദാര്യവും ലഭിക്കുന്നു എന്നുള്ളത് മതങ്ങൾ തമ്മിലുള്ള അകലങ്ങളെ വർദ്ധിപ്പിക്കുന്നുണ്ട്.

മതാടിസ്ഥാനത്തിൽ രാജ്യം നിലനിൽക്കണം എന്ന് ആഗ്രഹിക്കുന്നവർ ഇന്ത്യയുടെ വൈജാത്യത്തെയും സംസ്കാരത്തെയും ജനാധിപത്യത്തെയും ഉൾക്കൊള്ളുന്നില്ല. ഹിന്ദു രാഷ്ട്രം എന്ന വാദം ഉന്നയിക്കുന്ന ഹിന്ദുത്വ ശക്തികളും ഹുക്കുമത്തെ ഇലാഹി അഥവാ ഇഖാമത്തുദ്ദീൻ എന്ന മുദ്രാവാക്യം മുഴക്കുന്ന മൗദൂദിസ്റ്റുകളും അവരുടെ പകർന്നാട്ടങ്ങളും വളരെ അപകടകരമാണ്. മറ്റു സമുദായങ്ങളിലും വളർന്നുവരുന്ന കാസ പോലുള്ള സംവിധാനങ്ങളും മനുഷ്യരെ പരസ്പരം അവിശ്വാസികളും വിദ്വേഷകരും ആക്കിത്തീർക്കുന്നു. ഇത്തരം ശക്തികളെ  ഒറ്റപ്പെടുത്തേണ്ടതും ബഹിഷ്കരിക്കേണ്ടതും അവർക്കെതിരെ ശക്തമായ ബോധവൽക്കരണം നടത്തേണ്ടതും അതത്  മത സമുദായങ്ങളുടെ ഉത്തരവാദിത്വമാണ് അത് സമുദായ നേതൃത്വവും മതപുരോഹിതരും ഏറ്റെടുത്തേ മതിയാകൂ. അത്തരം ആളുകൾ പറയുന്നതല്ല യഥാർത്ഥ മതമെന്നും മതങ്ങൾ പരസ്പര സാഹോദര്യത്തെയും കാരുണ്യത്തെയും നന്മയെയും ആണ് ഉയർത്തിപ്പിടിക്കുന്നത് എന്നു പഠിപ്പിക്കേണ്ടത് സമുദായത്തിലെ പണ്ഡിതന്മാരും പുരോഹിതരും ആണ്.

മീഡിയകൾ

എന്നാൽ എല്ലാറ്റിനെയും വിലക്കെടുക്കാൻ അധികാരവും അർത്ഥവുമുള്ള വെറുപ്പിന്റെ ശക്തികൾ മീഡിയകളെയും നാം കാണുന്നതിനെയക്കെയും വിലക്കെടുത്തപ്പോൾ നമുക്കിടയിൽ അവിശ്വാസം കടന്നൽകൂടു കൂട്ടി.

പി ഭാസ്കരൻ മാഷുടെ നേതൃത്വത്തിൽ ആരംഭിച്ച ഇന്ത്യയിലെ തന്നെ ആദ്യത്തെ സ്വകാര്യ ചാനൽ ഇന്ന് ഇത്തരമൊരു ശക്തിയാൽ വിലക്കെടുക്കപ്പെട്ടു എന്നുള്ളത് എത്രത്തോളം ഭയാനകമാണ്!  മനുഷ്യരെ വിഭജിക്കുന്ന ശക്തികളുടെ കയ്യിലേക്ക് മീഡിയകൾ ഓരോന്നായി കീഴ്പെട്ടുകൊണ്ടിരുന്നു. അവസാനത്തെ പ്രതീക്ഷയായിരുന്ന NDTV യും കീഴടങ്ങി, അത്തരം ശക്തികൾ വിലക്കെടുത്തു. വിലക്കെടുക്കാൻ കഴിയാത്തവയെ ഭീഷണിപ്പെടുത്തിയും സ്റ്റേറ്റ് മെഷിനറി ഉപയോഗിച്ച് നിയന്ത്രിച്ചും മുന്നോട്ടു പോവുകയാണ്. വെറുപ്പിന്റെ ശക്തികൾക്ക് ലഭിക്കുന്ന വിസിബിലിറ്റി സ്നേഹത്തിന്റെയും നന്മയുടെയും സഹനത്തിന്റെയും ഇടങ്ങളെക്കാൾ വലുതായിരുന്നു. ഒന്നാലോചിച്ചു നോക്കുക ഈ അടുത്ത് പോലും മീഡിയകൾ ഉയർത്തിക്കൊണ്ടുവന്ന വിവാദങ്ങൾ എത്രമാത്രം വിഷമയമായിരുന്നു വൈകുന്നേരങ്ങളിലെ അന്തി ചർച്ചകളിൽ കേരളത്തിൽ ഒരു ജനസ്വാധീനവും ഇല്ലാത്ത വെറുപ്പിന്റെ ശക്തികൾക്ക് നല്ല സമയവും സ്വാധീനവും നൽകി. ഭക്ഷണവും വസ്ത്രവും എല്ലാം മനുഷ്യൻറെ അടിസ്ഥാന ആവശ്യങ്ങൾ എന്നുള്ളതിലുപരി വിഭജനത്തിന്റെ വിദ്വേഷത്തിന്റെ പ്രതീകങ്ങളായി മാറി.  

ഇപ്പോൾ നമ്മൾ എത്തി നിൽക്കുന്നത്

മുഖ്യമന്ത്രിയുടെ, ഗവർണറുടെ, തഹസിൽദാരുടെ, പോലീസ് ഓഫീസറുടെ ഒക്കെ ജാതിയും മതവും പരസ്യമായി ചർച്ചക്ക് വെക്കുന്നതിന് നമുക്ക് യാതൊരു കുറ്റബോധവും ലജ്ജയും ഇല്ലാതായി. എന്തൊരു കഷ്ടമാണിത്!

രാഷ്ട്രീയം മതങ്ങളെയും വിശ്വാസങ്ങളെയും പ്രീണിപ്പിക്കുകയും ഭയപ്പെടുത്തുകയും ചെയ്തു തുടങ്ങുന്നത് ശുഭലക്ഷണമല്ല.

നമ്മുടെ സ്കൂൾ കാലഘട്ടങ്ങളിൽ നമ്മുടെ തൊട്ടടുത്തിരുന്നു പഠിച്ചു പോയ ഒരാൾ ജാതി മതം എന്നിവ നമ്മുടെ കൂട്ടുകാരനെ തെരഞ്ഞെടുക്കുന്നതിൽ നമ്മെ പിന്തിരിപ്പിച്ചിരുന്നില്ല. ഇക്കാലത്ത്  സൗഹൃദങ്ങളും കൂട്ടായ്മകൾ പോലും അന്യം നിന്നു.

ദേവസ്വം ഫണ്ടിനെ പറ്റിയും വഖഫ് ഭൂമിയെ പറ്റിയും എല്ലാം നിരന്തരം നുണകൾ സൃഷ്ടിക്കുകയും അവ ഏറ്റെടുക്കുന്ന രീതിയിൽ മീഡിയകളും ചർച്ചചെയ്യാൻ സോഷ്യൽ മീഡിയ പ്രതലങ്ങളും കൂടി രൂപപ്പെട്ടതോടെ വ്യാജം ഏത് സത്യമേത് എന്നറിയാൻ കഴിയാത്തത്ര നാം സത്യാനന്തര കാലത്തിൽ എത്തിപ്പെട്ടു.

മനുഷ്യരെ പരസ്പരം അവിശ്വസിക്കുന്ന,  അയൽവാസിയെ വിശ്വസിക്കാൻ കഴിയാത്ത ഒരു മനോഭാവത്തിലേക്ക് മലയാളി എത്തിപ്പെട്ടു. പ്രളയത്തിന്റെ കുത്തൊഴുക്കിൽ നാം വീണ്ടും അതെല്ലാം മറന്നു ഒന്നായിരുന്നു. അന്ന് വെറുപ്പിന്റെ ശക്തികളെ നാം എവിടെയും കണ്ടില്ല പള്ളികൾ ചർച്ചകളുടെ വലിയ ഹാളുകൾ അമ്പലത്തിന്റെ ഊട്ടുപുരകൾ എല്ലാം മനുഷ്യർ നിസ്സഹായ മനുഷ്യരെക്കൊണ്ട് നിറഞ്ഞു അവർക്ക് മതമില്ലാത്ത അടുക്കളകളിൽ നിന്ന് വെന്ത ചോറും കറിയും മനുഷ്യർ വിളമ്പി കൊടുത്തു കൈകളിൽ മതചിഹ്നങ്ങൾ ആരും തിരഞ്ഞില്ല പക്ഷേ ഒട്ടും വൈകിയില്ല വെള്ളമെല്ലാം ഇറങ്ങി നാടെല്ലാം വീണ്ടും പഴയ ജീവിതത്തിലേക്ക് വന്നപ്പോൾ നാം വീണ്ടും വിവാദങ്ങൾ ഉണ്ടാക്കി ആ വിവാദങ്ങളിലൂടെ മീഡിയകളും അവരുടെ ശില്പകളും റേറ്റിംഗും ലൈക്കും നേടി എന്നല്ലാതെ പരസ്പരം മനുഷ്യർ ഡിസ്‌ലൈക്കുകളിലായി.

അകന്നു നിന്ന് നാമിനിയും വെറുത്തു കൂടണോ, അടുത്തു വന്നു നാം പരസ്പരം താങ്ങായി നിൽക്കണോ എന്നതാണ് ചോദ്യം! ഓലപ്പുരയുടെ മേൽക്കൂരകൾ അഴിച്ചു പണിയും നാളിൽ മാനത്തെ ചന്ദ്രികയും നോക്കി നാം ഒന്നിച്ചുറങ്ങി സ്വപ്നം കണ്ട നാളുകൾ ഒരു ഗൃഹാതുര സ്മരണയായ്‌ അലയടിക്കുമ്പോൾ ആ നാളിനെ തിരിച്ചു പിടിക്കാം.

ഇവിടെയാണ് ഈ പരിസരത്ത് നിന്നാണ് നാം സ്നേഹ കേരളത്തെപ്പറ്റി സംസാരിക്കുന്നത്.

*"സ്നേഹകേരളം പ്രവാസത്തിന്റെ കരുതൽ" കാമ്പയ്ൻ എന്ത് കൊണ്ട്? *

ഐസിഎഫ് മനുഷ്യരെ കാണുകയാണ്, എല്ലാ വേർതിരിവുകൾക്കുമപ്പുറം..ഒരു മാസം കൊണ്ട്  83000 മനുഷ്യരെ ഐസിഎഫ് കണ്ടു അതിൽ മുസ്ലിം ഹിന്ദു ക്രിസ്ത്യൻ മതമുള്ളവനും ഇല്ലാത്തവനും എല്ലാം ഉണ്ടായിരുന്നു.

നാം ഒന്നിച്ചുണ്ട ഇലകൾ നെടുകെ മുറിച്ചത് ആരാണ് എന്ന് ചോദിച്ചുകൊണ്ടാണ് ഐസിഎഫിന്റെ കർമ്മഭടന്മാർ മനുഷ്യരിലേക്ക് അവരെ കേൾക്കാനായി പുറപ്പെട്ടത്. ആ മനുഷ്യർ ഞങ്ങളോട് തിരിച്ചു ചോദിച്ചു.  ചേർന്നു നിൽക്കാൻ നമുക്ക് എന്താണ് തടസ്സം? ഇല്ല കൂട്ടരെ നമുക്ക് ചേർന്നുനിൽക്കാൻ ഒരു തടസ്സവുമില്ല.  നമ്മെ നാം ആക്കിയ,  കരുത്തുറ്റൊരു സംസ്ഥാനമാക്കി മാറ്റിയ കേരളത്തിൻറെ വികസനാടിത്തറയാണത്. കേരളത്തിൻറെ പുരോഗമന ചിന്തയുടെ അടിവേരാണത്. കേരളം നേടിയെടുത്ത ധൈഷണികതയുടെ മൂലധനമാണത്. കേരളം കേരളമായത് അത്തരം മൂല്യങ്ങളുടെ  ഈടുറപ്പിന്റെ മേലെയാണ് എന്ന് ഓരോ മലയാളിയും ഉറച്ചു വിശ്വസിക്കുന്നുണ്ട്. പ്രവാസത്തിൽ ഒരേ കട്ടിലിൽ കിടന്നു മലയാളി ആ നല്ല നാളുകളെ അയവിറക്കുന്നുണ്ട് ഗൃഹാതുരത്വം നിറഞ്ഞ ഓർമ്മകളിൽ അവൻ അവൻറെ ബാല്യത്തെ വീണ്ടെടുക്കുന്നുണ്ട് നാളെ എൻറെ മക്കൾ ഞാൻ അനുഭവിച്ച ബാല്യ സുകൃതം അനുഭവിക്കുമോ എന്ന് ഓരോ മലയാളിയും ആശങ്കപ്പെടുന്നുണ്ട്. ഓരോ മലയാളിയും ഞങ്ങളോട് നിരാശ പങ്കുവെച്ചിട്ടുണ്ട്.  ഇതിൽ വേദനിക്കുന്ന മനുഷ്യരെയാണ് ഞങ്ങൾ കണ്ടുമുട്ടിയിട്ടത്.

ആ നല്ല നേരങ്ങളിൽ ഞങ്ങളോട് സംസാരിക്കേണ്ട എന്ന് പറഞ്ഞവരോട് ഞങ്ങൾ കലഹിച്ചു. അവരുടെ സംഘടനകൾ പലവേള നിരോധിക്കപ്പെട്ടതാണ്.  അവർ മനുഷ്യരെ കാണാൻ ഇഷ്ടപ്പെടുന്നില്ല അവരെ കേൾക്കാൻ താല്പര്യപ്പെടുന്നില്ല അവർ ഇരുട്ടിനെയാണ് ആരാധിക്കുന്നത് വെളിച്ചത്തെയാണ് ഭയപ്പെടുന്നത് സ്നേഹത്തെയാണ് അവർക്ക് ആക്രമിക്കേണ്ടത് വെറുപ്പിനെയാണ് അവർക്ക് താലോലിക്കേണ്ടത് അത്തരം ആളുകൾ വളരെ വളരെ ന്യൂനപക്ഷമാണ് നമുക്ക് എന്ന് നമുക്കറിയാം. പക്ഷേ അവരുടെ ഒച്ച വളരെ വലുതാണ്. ആ ഒച്ചയാണ് ഭൂരിപക്ഷത്തിന്റെ ശബ്ദം എന്ന് നാം നമ്മുടെ മീഡിയകളിലൂടെയും സാമൂഹിക മാധ്യമങ്ങളിലൂടെയും തെറ്റിദ്ധരിച്ചതാണ്. അവരെയാണ് നമുക്ക് തിരുത്തേണ്ടത്.

പ്രിയരേ...

കോഴിക്കോട് ഒരു അന്യസംസ്ഥാന തൊഴിലാളിയെ രക്ഷിക്കാൻ ഓടയിൽ ഇറങ്ങിയ നൗഷാദിനെ നമുക്കറിയാം.  ആ ഓടയിൽ അയാൾ ശ്വാസം മുട്ടി മരിച്ചപ്പോൾ അയാൾ രക്ഷിച്ചെടുത്ത മനുഷ്യന്റെ മതം എന്തായിരുന്നു എന്നയാൾ ഓർത്തിട്ടില്ലായിരുന്നു.

നിപ്പ വൈറസിൽ പെട്ടുപോയ പേരാമ്പ്രക്കാരെ ശുശ്രൂഷിച്ച സിസ്റ്റർ ലിനയെ നമുക്ക് മറക്കാനാകില്ല. ഇത് കേരളമാണ് എന്ന് നമുക്ക് വിളിച്ചു പറയാനാകണം. മനസ്സുകളിൽ സ്നേഹവിത്തുകൾ പാകി മനുഷ്യ സൗഹൃദം വിളയിച്ചെടുത്ത മണ്ണ്. വെറുപ്പിനിവിടെ ഇടമില്ലെന്ന് ഉറക്കെ പറയാൻ കഴിയണം.